Kerala
കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെഎസ്യു പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി.
കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച കോടതി വാദം കേട്ടിരുന്നു. മന്ത്രിക്കെതിരെ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നെന്നും വധശ്രമം നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അതേസമയം, പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷന്, കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതല്‍ പേര് കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം അഞ്ചിന് കോടതിയില്‍ ഹാജരാക്കും.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ പരാതി.
കോൺഗ്രസ് നേതാവ് ടി.ഒ. മോഹനനാണ് ഭാരതീയ ന്യായസംഹിതയിലെ 248-ാം വകുപ്പ് പ്രകാരം കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നല്‍കിയത്.
ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന് കാണിച്ച് ഗൺമാൻ നല്കിയ പരാതിക്കെതിരേയാണ് ടി.ഒ. മോഹനൻ കോടതിയെ സമീപിച്ചത്.
മന്ത്രിയും ഗൺമാനും വ്യാജ ആരോപണം ഉന്നയിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇല്ലാത്ത സംഭവത്തിന്റെ പേരിൽ കള്ളപ്പരാതി നല്കി നിരപരാധികളെ ജയിലിൽ അടച്ച സംഭവത്തിൽ മന്ത്രിക്കും ഗൺമാനുമെതിരേ നടപടി വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. മുൻ ഡിജിപി അഡ്വ. ടി. ആസഫലി മുഖേനയാണ് പരാതി നല്‍കിയിരിക്കുന്നത്.
സംഭവദിവസത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ നടപടി വേണമെന്ന ആവശ്യവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പടെ അഞ്ചുപേരെ ജയിലിലടച്ച നടപടിക്കെതിരേയാണ് പരാതി.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ച കേസ് ഒടുവിൽ പോലീസിന് തലവേദനയാകുന്നു.
പുറത്തുവന്ന ദൃശ്യങ്ങളിലൊന്നും മന്ത്രിയുടെ തൊട്ടടുത്തുപോലും കെഎസ്യു പ്രവർത്തകർ എത്താത്തതും കിട്ടിയ ദൃശ്യങ്ങളെല്ലാം പോലീസ് മന്ത്രിക്ക് സുരക്ഷയൊരുക്കുന്നതുമായതോടെ കേസ് തങ്ങൾക്കുതന്നെ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് പോലീസ് ഉദ്യോഗസ്ഥർ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ 55 കാമറകളിൽ ദൃശ്യങ്ങൾ ലഭിക്കാൻ സാധ്യതയുള്ള കാമറകളെല്ലാം ആർപിഎഫ് ഉദ്യോഗസ്ഥർ പരിശോധിച്ചതായാണ് സൂചന. ഇതിലൊന്നും മന്ത്രിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ലെന്നാണ് വിവരം.
കണ്ണൂർ റെയിൽവേ പോലീസാണ് കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്. മുബാസ്, വി.വി. അക്ഷയ്, ബിതുൽ ബാലൻ എന്നിവർക്കതിരേ വധശ്രമത്തിന് കേസെടുത്തത്. ഇവർ ഇപ്പോൾ കണ്ണൂർ സബ് ജയിലിൽ റിമാൻഡിലാണ്. ‘കൊല്ലെടാ’ എന്ന് ആക്രോശിച്ച് ആയുധംകൊണ്ട് മന്ത്രിയുടെ കഴുത്തിൽ പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. ഈ കേസ് തെളിയിക്കാനുള്ള ബാധ്യത ഇപ്പോൾ പോലീസിന്റേതായി മാറിയിരിക്കുകയാണ്.
ഇതിനിടെ, കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജപരാതി നല്കി കള്ളക്കേസിൽ കുടുക്കിയെന്നു കാണിച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനും ഗൺമാനുമെതിരേ കണ്ണൂർ കോർപറേഷൻ മുൻ മേയറും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ പരാതി നൽകിയതും പോലീസിന് തിരിച്ചടിയായി.
ഗൺമാൻ നൽകിയ പരാതിയിൽ ആദ്യം കേസെടുത്തെന്നു പറഞ്ഞ് തത്കാലം തലയൂരാനായിരിക്കും പോലീസ് നീക്കം. റെയിൽവേ സിഐ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Kerala
കണ്ണൂർ: കെഎസ്യു പ്രവർത്തകർക്കെതിരേ വ്യാജ പരാതി നൽകിയ മന്ത്രി വീണാ ജോർജും സിപിഎം നേതൃത്വവും മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അഴിച്ചുവിട്ട കള്ളപ്രചാരണമാണ് കേരളത്തെ കലാപകലുഷിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി അടക്കമുള്ള കോൺഗ്രസ് ഓഫീസുകൾക്കും വീടുകൾക്കും നേരേ സിപിഎം അക്രമം അഴിച്ചുവിടാൻ കാരണം ആരോഗ്യമന്ത്രി നാടകം കളിച്ചതുകൊണ്ടാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കലാപാഹ്വാനംകൂടി നടത്തിയതോടെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.
ആരോഗ്യമന്ത്രിയുടെ കള്ളത്തരമാണ് നാട്ടിൽ അക്രമമുണ്ടാകാൻ കാരണം. ഇക്കാര്യത്തിൽ ഗൂഢാലോചന ഉണ്ടെങ്കിൽ അന്വേഷിക്കണം. കെഎസ്യു പ്രവർത്തകർക്കെതിരായ കള്ളക്കേസ് പിൻവലിക്കാനും തെറ്റ് തിരുത്താനും പോലീസും സർക്കാരും തയാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എംഎൽഎ എന്നിവരും പങ്കെടുത്തു.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനു നേരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രിക്കു കഴുത്തിനു പരിക്കേറ്റെന്ന കേസിൽ സിസിടിവി ദൃശ്യങ്ങളും വീഡിയോകളും പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിലൊന്നും പ്രതിഷേധക്കാർ മന്ത്രിയെ കൈയേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയില്ല.
കരിങ്കൊടി കാണിച്ച് പോലീസ് അറസ്റ്റ് ചെയ്തവർക്കെതിരേ മന്ത്രിയെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന വകുപ്പു ചുമത്തിയായിരുന്നു കേസ് എടുത്തിരുന്നത്. ഇക്കാര്യം കോടതിയിൽ തെളിയിക്കാൻ ആവശ്യമായ ദൃശ്യങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ വധശ്രമം ചുമത്തിയുള്ള കേസ് ഒഴിവാക്കുമെന്നാണു സൂചന.
മന്ത്രിയെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കെഎസ്യു പ്രവർത്തകർ കോടതിയിൽ ജാമ്യ ഹർജി സമർപ്പിച്ചു. ഹർജി ഇന്നു കോടതി പരിഗണിക്കും.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരുന്നു. ഇന്നലെ മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വീണാ ജോർജും തമ്മിൽ നടക്കേണ്ടിയിരുന്ന ചർച്ച നടന്നില്ല.
വീണാ ജോർജ് ആശുപത്രിയിലും ബാലഗോപാൽ പാർട്ടി സംബന്ധമായ യോഗങ്ങളിലുമായിതിനാലാണ് ഡോക്ടർമാരുടെ സംഘടനയുമായുള്ള ചർച്ച നടക്കാത്തത്.
ഡോക്ടർമാർ ഒപിയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ഇന്നലെയും ബഹിഷ്കരിച്ചു. ചർച്ചയെ സംബന്ധിച്ച് ഇതുവരെയും ഒരു അറിയിപ്പും സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്നലെയും ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം വളരെ കുറവായിരുന്നു.
Kerala
ആലപ്പുഴ: കലാപാഹ്വാനം നടത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ് യു പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പച്ചകള്ളം പറഞ്ഞ് ആക്രമണത്തിനും കലാപത്തിനും ആഹ്വാനം നൽകുകയാണ് എം.വി. ഗോവിന്ദനെന്നും പുതുയുഗയാത്രയുടെ ഭാഗമായി ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സതീശൻ പറഞ്ഞു. മന്ത്രി വീണാ ജോർജിന്റേത് അഭിനയം മാത്രമാണ്.
മന്ത്രി പരിഹാസപാത്രമായി മാറി. ആരോഗ്യമന്ത്രി പ്രതിക്കൂട്ടിലാണ്. ഇല്ലാത്ത വിഷയമുണ്ടാക്കി പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും നുണ പറഞ്ഞ് പ്രചരിപ്പിക്കുകയാണ്. മന്ത്രിയുടെ കൈയും പിടലിയും തിരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് പച്ചകള്ളം പറയുകയാണ്. സ്പീക്കർ എ.എൻ. ഷംസീറിന് ഗൂഢാലോചനയിൽ പങ്കുണ്ട്.
സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കെഎസ്യു പ്രവർത്തകർ കത്തിവച്ച് കുത്തിയെന്ന് പറയുമായിരുന്നു. കരിങ്കൊടി കാണിച്ചതിനാണ് കെഎസ് യു പ്രവർത്തകർക്കെതിരേ വധശ്രമത്തിന് കേസെടുത്തത്. അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർക്കും പോലീസിനും റെയിൽവേ പോലീസിനും കാര്യങ്ങളറിയാം.
ആരോഗ്യമന്ത്രിയുടെ അടുത്തേക്കുപോലും പ്രതിഷേധക്കാർ എ ത്തിയിട്ടില്ല. പോലീസും മന്ത്രിയും തമ്മിലാണ് പിടിവലിയുണ്ടായത്. അതിന്റെ ദൃശ്യത്തെളിവുകൾ എല്ലാവരുടെയും കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഇനി സ്ക്രീനിംഗ് കമ്മിറ്റി ചേരും. രണ്ട്ഘട്ടങ്ങളിലായി യുഡിഎഫും ഘടക കക്ഷികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ട പല ആതുരാലയങ്ങളും കൊലക്കളങ്ങളായി മാറുന്നതായി യൂത്ത് കോണ്‍ഗ്രസ്.
സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ അടുത്ത കാലത്തൊന്നും കാണാത്ത രീതിയിലുള്ള പിഴവുകളാണ് സംഭവിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു നേമം ഷജീർ.
ആരോഗ്യ രംഗത്തെ ശോച്യാവസ്ഥയിലാണ് മന്ത്രിയുടെ വസതി മരണവീടായി മാറിയെന്ന് പ്രഖ്യാപിച്ച് റീത്ത് സ്ഥാപിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു. കോഴിക്കോട് ഹർഷിനയുടെ വയറ്റിൽ അഞ്ച് വർഷത്തോളം കത്രിക കുടുങ്ങിയത് മുതൽ ആലപ്പുഴയിൽ ഒൻപതു വയസുകാരിയുടെ കൈ നഷ്ടപ്പെട്ടതും ഗൈഡ് വയർ കുടുങ്ങിയതും നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണവും യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
നിരവധി ചികിത്സാപ്പിഴവുകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നും റിപ്പോർട്ട് തേടുമെന്ന് പറയുന്നതല്ലാതെ യാതൊരു ഫലവുമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. പോലീസ് വാഹനമിടിപ്പിച്ച് കൊല്ലാൻ വന്നാലും പിന്മാറില്ലെന്നും ജനാധിപത്യപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമരം തുടരുമെന്നും പ്രവർത്തകർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വീട്ടിൽ കയറി റീത്തുവച്ച പ്രതിഷേധം നടത്തിയ 25 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരേ കേസ്. ജില്ലാ പ്രസിഡന്റ് നേമം ഷജീറാണ് ഒന്നാം പ്രതി.
മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി മന്ദിരത്തിന്റെ ഗേറ്റും പൂട്ടും തകർത്തുവെന്നുമാണ് പോലീസിന്റെ എഫ്ഐആർ.
28,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
Kerala
കൊച്ചി: അവയമാറ്റം നടത്തിയ രോഗികള്‍ക്കുളള മരുന്നുകള്‍ സംസ്ഥാനത്തെ കാരുണ്യസ്പര്‍ശം സീറോ പ്രോഫിറ്റ് പദ്ധതിവഴി ലഭ്യമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
അവയദാന ബോധവത്കരണത്തിന്റെ ഭാഗമായി റോട്ടറി കൊച്ചിന് ഡൗണ്ടൗണ്, എംജി യൂണിവേഴ്സിറ്റി എറണാകുളം റീജണിലെ എന്‍എസ്എസ് യൂണിറ്റുകള്‍, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള, ഐഎംഎ കൊച്ചി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിപ്പിള്‍സ് ഓഫ് ലൈഫ് പ്രോഗ്രാം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 2024, 2025 വര്‍ഷം താരതമ്യം ചെയ്യുമ്പോള്‍ അവയവദാനത്തില്‍ 64 ശതമാനം വര്‍ധനയുണ്ടായെന്ന് മന്ത്രി പറഞ്ഞു.
ഡിസ്ട്രിക്ട് 3205 ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് അധ്യക്ഷത വഹിച്ചു. ആരക്കുന്നം സ്വദേശി ശ്രുതിയ്ക്ക് മരണാനന്തരം ഹൃദയം ദാനം ചെയ്ത ചങ്ങനാശേരി സ്വദേശി ലാലിച്ചന്‍, സംസ്ഥാനത്ത് ആദ്യമായി കൈകള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ മനുവിന് കൈകള്‍ ദാനം ചെയ്ത വരാപ്പുഴ സ്വദേശി ബിനോയി എന്നിവരുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ഹൈബി ഈഡന് എംപി, മേയര്‍ വി.കെ. മിനിമോള്‍, കൊച്ചിന് ഐഎംഎ പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടങ്ങിയവരും പങ്കെടുത്തു.
Kerala
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് 10 വർഷമായി കരിങ്കൊടി മാത്രമാണെന്നു പരിഹസിച്ച ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി കരിങ്കൊടി മാർച്ച് നടത്തി. ബിസ്മീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രിക്കു നേരേ യൂത്ത് കോൺഗ്രസ് കരിങ്കൊടി ഉയർത്തിയ സാഹചര്യത്തിലാണു വിവാദ പരാമർശമുണ്ടായത്. എന്നാൽ. മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് നേമം ഷജീർ മന്ത്രിയുടെ പ്രസ്താവന അഭിമാനമായി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു.
ആരോഗ്യ വകുപ്പ് ആരാച്ചാരുടെ വകുപ്പായി ആളുകളുടെ ജീവൻ ഇടവേളയില്ലാതെ എടുക്കുമ്പോൾ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിശ്രമിക്കാൻ കഴിയുമായിരിക്കും. എന്നാൽ, യൂത്ത് കോൺഗ്രസിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി യൂത്ത് കോൺഗ്രസ് കരിങ്കൊടിയുമായി തെരുവിലുണ്ട് എന്ന് മന്ത്രിതന്നെ പറഞ്ഞ സാഹചര്യത്തിൽ ഞങ്ങൾ സന്തോഷത്തോടെ സ്നേഹോപഹരമായി ഒരു പൂച്ചെണ്ട് നൽകുകയാണെന്നും, ഇതിനെ എബിവിപി, ശിവൻകുട്ടിക്ക് പിഎം ശ്രീ നടപ്പാക്കിയപ്പോൾ പാരിതോഷികമായി കൊടുത്ത പൂച്ചെണ്ടുപോലെ സമീകരിക്കരുതെന്നും യൂത്ത് കോൺഗ്രസ് പരിഹസിച്ചു.
മന്ത്രി ശിവൻകുട്ടി എബിവിപിക്കാരെ ഓഫീസിൽവരെ കയറ്റിയാണ് പൂച്ചെണ്ട് സ്വീകരിച്ചത്. എന്നാൽ, മതേതര വാദികളായ യൂത്ത് കോൺഗ്രസിനെ പൂച്ചെണ്ടു നൽകാൻ അനുവദിക്കാതെ വഴിയിൽ തടയുന്നതാണ് കാണുന്നതെന്നും പരിഹസിച്ചു. തുടർന്ന് ബിസ്മീറിന്റെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവാദികളായ ജീവനക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നേമം ഷജീർ, സംസ്ഥാന സെക്രട്ടറിമാരായ സജിത് മുട്ടപ്പാലം, വീണ എസ്. നായർ, റിഷി എസ്. കൃഷ്ണൻ, നീതു വിജയൻ, അനീഷ് ചെമ്പഴന്തി, അജയ് കുര്യാത്തി, ശ്യാം വെള്ളറട, ജില്ലാ വൈസ് പ്രസിഡന്റ് സൈദാലി കായ്പ്പാടി, ബാഹുൽ കൃഷ്ണ, ഡാനിയൽ പാപ്പനം, ഷജിൻ രാജേന്ദ്രൻ, സജിൻ അരുവിക്കര, രഞ്ജിത് അമ്പലമുക്ക്, താഹിർ നെടുമങ്ങാട് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ, ശ്വാസതടസത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ വിളപ്പിൽ സ്വദേശി ബിസ്മീർ (37) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തെ മുൻനിർത്തി ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ അക്കമിട്ടു നിരത്തി നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം.
സഭാനടപടികൾ നിർത്തിവച്ചു രണ്ടുമണിക്കൂർ നേരം നടത്തിയ ചർച്ചയ്ക്കൊടുവിൽ വിളപ്പിൽശാലയിൽ ഡോക്ടർമാരുടെ ഭാഗത്ത് യാതൊരുവിധത്തിലുമുള്ള വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പ്രതിരോധ വാദത്തിനിടയിൽ യുഡിഎഫ് കാലത്തെ ആരോഗ്യമന്ത്രിക്കെതിരേ വീണാ ജോർജ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി.
ആരോഗ്യ വകുപ്പിന് എന്തു വീഴ്ച പറ്റിയാലും അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ഭരണപക്ഷവും മന്ത്രിയും പറയുന്നതെന്നും ഇത്തരത്തിൽ ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കേരളത്തിലുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സീതശൻ ചർച്ചയ്ക്കിടയിൽ തുറന്നടിച്ചു.
വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ഇത്രയേറെ ഉത്തരവുകളിട്ട ഒരു ആരോഗ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിലില്ല. എന്നാൽ ഒരു റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. റിപ്പോർട്ടിന്മേൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യ കേരളത്തെ വെന്റിലേറ്ററിൽനിന്ന് മാറ്റി ആരോഗ്യവതിയാക്കിയാൽ മാത്രമേ കേരളത്തിലെ പാവങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിളപ്പിൽശാല ആശുപത്രിയിൽ എത്തിയ രോഗിക്ക് മിനിറ്റുകൾക്കുള്ളിൽ തന്നെ സാധ്യമായ ചികിത്സ ഏറ്റവും വേഗത്തിൽ തന്നെ നൽകിയിരുന്നു.പ്രാഥമിക റിപ്പോർട്ടിലെ കാര്യങ്ങളാണ് താൻ പറയുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരെ നിരന്തരമായി ആക്രമിക്കാൻ അവസരം ഒരുക്കരുതെന്നും ഇങ്ങനെയുള്ള പ്രചാരണം അവരുടെ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
വിളപ്പിൽശാലയിലെ ബിസ്മീറിന്റെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെയും പാലക്കാട് കൈ മുറിച്ചുമാറ്റേണ്ടി വന്ന പെണ്‍കുട്ടിയുടെയും വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പ്രതിപക്ഷ നിരയിൽ നിന്നു പി.സി. വിഷ്ണുനാഥ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഇവർ സിസ്റ്റത്തിന്റെ ഇരകളാണെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ബിസ്മീറുമായി ഭാര്യ ആശുപത്രിയിലെത്തിയപ്പോൾ ആശുപത്രിയുടെ ഗ്രിൽ മൂന്ന് പൂട്ടുകളിട്ട് പൂട്ടിയ നിലയിലായിരുന്നു. പട്ടി കയറാതിരിക്കാനാണ് ഗ്രിൽ പൂട്ടിയതെന്നാണ് അധികൃതർ പറയുന്നതെന്നും അതിന് ഒരു സെക്യൂരിറ്റിയെ നിയോഗിച്ചാൽ പോരെയെന്നും വിഷ്ണുനാഥ് ചോദിച്ചു.
നിയമസഭയിൽ അടിയന്തര പ്രമേയം എത്തുന്നത് വരെയും ബിസ്മീറിന്റെ കുടുംബത്തെ ആരോഗ്യവകുപ്പിൽനിന്ന് ഒരാൾ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നേരത്തേ സുമയ്യയും ഹർഷീനയും നേരിട്ട ചികിത്സാ പിഴവുകളും വിശദീകരിച്ച വിഷ്ണുനാഥ് ഡോ. ഹാരിസ് ചിറയ്ക്കൽ ഉന്നയിച്ച വിമർശനങ്ങളും സഭയിൽ ആവർത്തിച്ചു. ആരോഗ്യവകുപ്പിൽ കാണുന്നത് അഹങ്കാരവും ആക്ഷേപവും മാത്രമാണെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടിയെ ഒരു വിഷയത്തിലും തുടർനടപടിയുണ്ടായിട്ടില്ലെന്ന് പി. ഉബൈദുള്ള വിമർശിച്ചു.
അതേസമയം ഒറ്റപ്പെട്ട സംഭവങ്ങൾ പ്രതിപക്ഷം പർവതീകരിക്കുന്നുവെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ഭരണപക്ഷ അംഗങ്ങളുടെ വാദം. ചർച്ചയ്ക്കിടെ ഭരണപക്ഷ നിരയിൽനിന്ന് പ്രസംഗിച്ച സുജിത് വിജയൻപിള്ള വേണുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടത് ശ്രദ്ധേയമായി.
മറുപടി പ്രസംഗത്തിനിടെ യുഡിഎഫ് ഭരണ കാലത്ത് ആരോഗ്യ മന്ത്രിയുടെ ആസ്തി കൂടിയതല്ലാതെ മറ്റൊന്നും നടന്നില്ലല്ലോയെന്ന വീണാ ജോർജിന്റെ പരാമർശമുണ്ടായതോടെ പ്രതിപക്ഷം ബഹളംവച്ചു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റെങ്കിലും മന്ത്രി പൂർത്തിയാക്കിയ ശേഷം സംസാരിക്കാമെന്നായി സ്പീക്കർ. ഇതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.
അതേസമയം അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയ അവതരണ വേള ടെസ്റ്റ് ക്രിക്കറ്റ് മാച്ചിനേക്കാൾ വിരസമാണെന്ന വിമർശനം ഉന്നയിച്ചു. ഇ.കെ. വിജയൻ, പ്രമോദ് നാരായണ്‍, മോൻസ് ജോസഫ്, ശാന്തകുമാരി കെ., എം. രാജഗോപാലൻ, തോമസ് കെ. തോമസ്, പി.പി. ചിത്തരഞ്ജൻ, കെ.വി. സ ുമേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍ സജ്ജമായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു.
health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് പോര്‍ട്ടല്‍ നിര്‍മിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം.
ആരോഗ്യ വകുപ്പിനു കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍ എന്നിവയുടെ വെബ്സൈറ്റുകളെക്കൂടി കോര്‍ത്തിണക്കിയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും അറിയിപ്പുകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
Kerala
കൊച്ചി: സര്‍ക്കാര്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
സാധ്യമായ എല്ലാ പിന്തുണയും ചികിത്സയും രോഗിക്ക് ലഭ്യമാക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി ഒരു വിദഗ്ധ സംഘം രോഗിയെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരുപാട് പേരുടെ പരിശ്രമത്തിലൂടെയാണ് ജനറല്‍ ആശുപത്രിയില്‍ ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ സാധ്യമായത്.
സൂപ്പര്‍ സ്പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ ഓപ്പറേഷന് തിയറ്റര്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്നും മന്ത്രി പറഞ്ഞു.ടി.ജെ. വിനോദ് എംഎല് എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Kerala
പത്തനംതിട്ട: ദിലീപിന് നീതി ലഭിച്ചുവെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വീണാ ജോർജ്.
അവൾക്കൊപ്പം തുടർന്നും ഉണ്ടാകും. അടൂർ പ്രകാശിന്റെ വാക്കുകളിലൂടെ കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് വ്യക്തമാകുന്നത്. നടി അനുഭവിച്ച പീഡനം. അവർ എടുത്ത നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ് പോരാട്ടങ്ങളെ മുന്നോട്ടു നയിച്ചതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
District News
കടമ്മനിട്ട: സംസ്ഥാനത്ത് ആയുഷ് ചികിത്സാ സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് ചികത്സാ കേന്ദ്രങ്ങളിലെ സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളുടെയും സിദ്ധ എന്‍സിഡി ക്ലിനിക്കുകളുടെയും സംസ്ഥാനതല ഉദ്ഘാടനം കടമ്മനിട്ട അക്ഷയ സെന്റര്‍ അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സമഗ്ര ആരോഗ്യ മാതൃക സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് ആയുര്‍വേദം, ഹോമിയോപ്പതി, യോഗ- നാച്ചുറോപ്പതി, സിദ്ധ, യൂനാനി മേഖലകളിലെല്ലാം വികസനം എത്തിച്ചു. ആയുഷ് ചികത്സാ രംഗത്ത് സംസ്ഥാനത്തിന്റെ പുതിയ കാല്‍വയ്പാണ് സിദ്ധ മര്‍മ തെറാപ്പി യൂണിറ്റുകളെന്ന് മന്ത്രി പറഞ്ഞു.
ആയുര്‍വേദത്തിലെ മര്‍മ ചികിത്സയെപ്പോലെ പ്രാധാന്യമുള്ള സിദ്ധ ചികിത്സ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനാണ് തെറാപ്പി യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്.
സന്ധിവേദന, ആര്‍ത്രൈറ്റിസ്, സയാറ്റിക്ക, മൈഗ്രൈന്‍, സ്ട്രോക്ക് പുനരധിവാസം, മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ക്ഷീണം, സൈനസൈറ്റിസ്, ഫൈബ്രോമയാള്‍ജിയ, ജീവിതശൈലീ രോഗങ്ങള്‍, കായിക പരിക്കുകള്‍, ശസ്ത്ര ക്രിയാനന്തര പുനരധിവാസം എന്നിവയ്ക്ക് സിദ്ധചികത്സ പ്രയോജനകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് അഞ്ചു സിദ്ധ വര്‍മ തെറാപ്പി യൂണിറ്റുകളും ഒരു സിദ്ധ ജീവിതശൈലീ രോഗ ക്ലിനിക്കുമാണ് പ്രവര്‍ത്തനം ആരംഭിച്ചത് .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റസിയ സണ്ണി, അംഗങ്ങളായ അബിദാഭായി, എം. ഷീജമോള്‍, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷീന വിമല്‍ , സംസ്ഥാന ദേശീയ ആയുഷ് മിഷന് പ്രോഗ്രാം മാനേജര്‍ ഡോ. ജയനാരായണന്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ. മീന, ജില്ലാ പ്രോഗ്രാം മാനേജര്‍ അഖില തുടങ്ങിയവർ പ്രസംഗിച്ചു.